മുംബൈ: മഹാരാഷ്ട്രയിലെ താനെ റെയിൽവേസ്റ്റേഷനു സമീപത്തുള്ള മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു.
റെയിൽവേ സ്റ്റേഷനുസമീപത്തുള്ള ഗാംദേവി മാർക്കറ്റ് കോംപ്ലക്സിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണു തീപിടിത്തമുണ്ടായത്. അപകടത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥനും സുരക്ഷാ ജീവനക്കാരനുമാണു മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാ ജീവനക്കാർക്കു പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ 3.45ഓടെ മാർക്കറ്റിലെ പച്ചക്കറി-തുണിക്കടകൾ ഉൾപ്പെടുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.
നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. മാർക്കറ്റിൽനിന്ന് വൻതോതിൽ തീയും പുകപടലങ്ങളും ഉയർന്നത് പരിഭ്രാന്തി പരത്തി.
അപകടത്തിൽ നിരവധി തുണിക്കടകൾ, പച്ചക്കറി-പഴക്കടകൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചു. കൂടാതെ, മാർക്കറ്റിൽ പ്രവർത്തിക്കുന്ന തദ്ദേശ മുനിസിപ്പൽ ഓഫീസിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.